സുസുക്കി ഇ-ആക്‌സസ് വിപണിയിൽ; ആധുനിക ഫീച്ചറുകളുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
15Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 4.1kW ഇലക്ട്രിക് മോട്ടോർ മികച്ച വേഗത വാഗ്ദാനം ചെയ്യുന്നു
പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ 'ഇ-ആക്‌സസ്' ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 1.88 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. സ്കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ദീർഘകാലം ഈടുനിൽക്കുന്ന ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 15Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 4.1kW ഇലക്ട്രിക് മോട്ടോർ മികച്ച വേഗത വാഗ്ദാനം ചെയ്യുന്നു.
എക്കോ, റൈഡ് എ, റൈഡ് ബി എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ ലഭ്യമാണ്. ബാറ്ററി ചാർജ് കുറഞ്ഞാലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സ്കൂട്ടറിന് കഴിയുമെന്ന് സുസുക്കി അവകാശപ്പെടുന്നു. ആകർഷകമായ പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് (മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ & സ്റ്റെല്ലാർ ബ്ലൂ) വാഹനം എത്തിയിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ്, ടു-ടോൺ അലോയ് വീലുകൾ എന്നിവ ഇതിന് പ്രീമിയം ലുക്ക് നൽകുന്നു.
റിവേഴ്സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിംഗ്, കുറഞ്ഞ അറ്റകുറ്റപ്പണികൾ മാത്രം ആവശ്യമുള്ള ബെൽറ്റ് ഡ്രൈവ് സിസ്റ്റം എന്നിവ സ്കൂട്ടറിന്റെ പ്രത്യേകതകളാണ്. രാജ്യത്തുടനീളമുള്ള സുസുക്കിയുടെ 1,200-ലധികം ഔട്ട്‌ലെറ്റുകൾ വഴി സ്കൂട്ടർ ലഭ്യമാകും. നിലവിൽ 240-ലധികം സ്ഥലങ്ങളിൽ ഡിസി (DC) ഫാസ്റ്റ് ചാർജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പോർട്ടബിൾ എസി ചാർജറുകൾ നെറ്റ്‌വർക്കിലുടനീളം ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
What's Your Reaction?

