ഡൽഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ കടന്നു പിടിക്കുന്നതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമർശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണ്. ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികഞ്ഞ അശ്രദ്ധയാണെന്നും കോടതി വിമർശിച്ചു. മാത്രമല്ല വിധിയെഴുതിയ ജഡ്ജിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു. സംഭവത്തിൽ കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടീസയച്ചു.
സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കീഴ്‌കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹർ നായാരൺ മിശ്ര വിചിത്രമായ വാദം ഉന്നയിച്ചത്. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം.