ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. നേരത്തെ ഹൈക്കോടതിയും ജാമ‍്യം തള്ളിയതോടെയാണ് വാസു സുപ്രീംകോടതിയെ സമീപിച്ചത്.
ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും നടത്തി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശിയത് എന്തിനെന്നും കോടതി ചോദിച്ചു.
കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്‍റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്‍റെ വാദം.
തിരുവാഭരണം കമ്മീഷണര്‍ അല്ല താന്‍ എന്ന് വാസു കോടതിയില്‍ വാദിച്ചു. 77 ദിവസം ആയി കസ്റ്റഡിയില്‍ എന്നും അറിയിച്ചു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.