ചൂടു ചായയ്‌ക്കൊപ്പം സിഗരറ്റും; കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കും
സിഗരറ്റ് ശ്വാസകോശ അര്‍ബുദത്തിന് ഒരു പ്രധാന കാരണമാണ്

ചൂടു ചായയ്‌ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് പഠനം. ചൂടു തട്ടുമ്പോള്‍ അന്നനാളത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കള്‍ കൂടി ചേരുമ്പോള്‍ കോശങ്ങള്‍ നശിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. സിഗരറ്റ് ശ്വാസകോശ അര്‍ബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളില്‍ വീക്കം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ഈ കോശങ്ങളില്‍ മുറിവുകള്‍ ഉണ്ടാകാനും, പിന്നീട് അവ കാന്‍സര്‍ കോശങ്ങളായി മാറാനും ഇടയുണ്ട്. സിഗരറ്റ് വലിക്കുന്നതിലൂടെ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ തൊണ്ടയില്‍ എത്തും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോള്‍, തൊണ്ടയിലെ കോശങ്ങള്‍ വേഗത്തില്‍ നശിക്കുന്നു. ഇത് തൊണ്ടയില്‍ സ്ഥിരമായ നീര്‍ക്കെട്ടിനും ശബ്ദ മാറ്റങ്ങള്‍ക്കും കാരണമാകും.
ഈ ശീലം തുടര്‍ന്നാല്‍, അത് കാലക്രമേണ തൊണ്ടയില്‍ ക്യാന്‍സറിന് കാരണമാകും. പുകയിലയിലെ നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂട്ടും. അതുപോലെ, ചായയിലെ കഫീനും അമിതമായാല്‍ ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചാകുമ്പോള്‍ അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.
നിക്കോട്ടിന്‍, കഫീന്‍ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോള്‍ ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. പുകവലിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും അത് ഓര്‍മശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും.
What's Your Reaction?






