പരീക്ഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പിന്തുണ

ഇതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി

Sep 9, 2025 - 15:59
Sep 9, 2025 - 15:59
 0
പരീക്ഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പിന്തുണ
തിരുവനന്തപുരം: പാദവാർഷിക പരീക്ഷകൾക്കു ശേഷം സ്‌കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകണമെന്നും ഇതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 
ഈ മാസം 9-നകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബർ 10-നും 20-നും ഇടയിൽ ക്ലാസ് പി.ടി.എ. യോഗങ്ങൾ വിളിച്ചുചേർക്കണം. സബ്ജക്ട് കൗൺസിൽ, സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ അധിക പഠനപിന്തുണ നൽകുന്നതിനുള്ള കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ സ്‌കൂളുകളിൽ നേരിട്ടെത്തി പഠനപിന്തുണ നൽകണം. ഈ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് എസ്.എസ്.കെ. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.
 
 എ.ഇ.ഒ., ഡി.ഇ.ഒ. എന്നിവർ തങ്ങളുടെ റിപ്പോർട്ടുകൾ സെപ്റ്റംബർ 25-നകം ഡി.ഡി.ഇ.മാർക്ക് കൈമാറണം. ഡി.ഡി.ഇ.മാർ ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സെപ്റ്റംബർ 30-നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നിരന്തര മൂല്യനിർണയം കുട്ടികളുടെ കഴിവുകൾക്കനുസരിച്ച് മാത്രമാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
 
കൂടാതെ, എല്ലാ അധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. അധ്യാപക സംഘടനകളുമായി ഇത് ചർച്ച ചെയ്യും. നിലവിൽ പ്രധാനാധ്യാപകർക്ക് മാത്രമാണ് സി.ആർ. ബാധകമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow