കണ്ണൂര്‍: പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. തലശേരി പോലീസ് ആണ് കേസെടുത്തത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാത്രമല്ല ഇവര്‍ക്ക് മദ്യം എത്തിച്ചുനല്‍കിയ കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പോലീസുകാരെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻ്റ് ചെയ്തിരുന്നു.
മാഹി ഇരട്ടക്കൊലക്കേസില്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജും. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പോലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു.