തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.
ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ് ( FLC) ജൂലൈ 25 മുതൽ ആഗസ്റ്റ് 25 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.
കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും 152 ബ്‌ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബർ 10ന് മാത്രമേ അവസാനിക്കുകയുള്ളൂ.
യോഗത്തിൽ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം.വിജയകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), എം.ലിജു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), അഡ്വ ജെ.ആർ.പത്മകുമാർ (ഭാരതീയ ജനതാപാർട്ടി) പി.കെ.ഷറഫുദ്ദീൻ (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്), ഡോ.ബെന്നി കക്കാട് (കേരള കോൺഗ്രസ്(എം), പൂജപ്പുര രാധാകൃഷ്ണൻ, (കേരള കോൺഗ്രസ്(ബി)), ജോസഫ് ജോൺ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), റോയി അറയ്ക്കൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), കെ.കെ.നായർ (ബി.ജെ.കെ.പി), അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ (ജനതാദൾ (എസ്)), അഡ്വ റ്റി.മനോജ്കുമാർ (ആൾ ഇൻഡ്യ ഫോർവേർഡ് ബ്ലോക്ക്), കല്ലട നാരായണപിള്ള (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ജയകുമാർ (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി), ജോയ് ആർ. തോമസ് (ബഹുജൻ സമാജ് പാർട്ടി), തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, കമ്മീഷനിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.