ഇന്ത്യൻ റെയിൽവേയിൽ പുതിയ വിപ്ലവം; ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി

Jan 17, 2026 - 20:44
Jan 17, 2026 - 20:44
 0
ഇന്ത്യൻ റെയിൽവേയിൽ പുതിയ വിപ്ലവം; ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊൽക്കത്ത: രാജ്യത്തെ റെയിൽ യാത്രാ സൗകര്യങ്ങളിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു. അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലുള്ള സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം 2.5 മണിക്കൂർ വരെ കുറയ്ക്കാൻ ഈ ട്രെയിനിലൂടെ സാധിക്കും. ഇത് തീർഥാടനത്തിനും വിനോദസഞ്ചാരത്തിനും വലിയ ഉത്തേജനം നൽകും. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രെയിനിൽ 16 കോച്ചുകളാണുള്ളത്. ആകെ 833 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്.

ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന 'കവച്' സുരക്ഷാ സംവിധാനം, ഓട്ടമാറ്റിക് വാതിലുകൾ, അടിയന്തര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള ടോക്ക്-ബാക്ക് സിസ്റ്റം എന്നിവ ഇതിലുണ്ട്. അണുമുക്തമായ അന്തരീക്ഷവും മികച്ച ഓക്സിജൻ ലഭ്യതയും ഉറപ്പാക്കുന്ന രീതിയിലാണ് എയർ കണ്ടീഷനിംഗ് സജ്ജീകരിച്ചിരിക്കുന്നത്.

വന്ദേ ഭാരത് ചെയർകാറുകളുടെ വിജയത്തിന് പിന്നാലെ പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ് ഈ സ്ലീപ്പർ ട്രെയിനും. ഭക്ഷണം ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കുകൾ തേർഡ് എസി (3AC): 2300 രൂപ, സെക്കൻഡ് എസി (2AC): 3000 രൂപ, ഫസ്റ്റ് എസി (1AC): 3600 രൂപ എന്നിങ്ങനെയാണ്. 

വിമാനങ്ങളിലേതിന് സമാനമായ കാറ്ററിംഗ് സേവനങ്ങളും കുലുക്കമില്ലാത്ത യാത്രയുമാണ് വന്ദേ ഭാരത് സ്ലീപ്പർ വാഗ്ദാനം ചെയ്യുന്നത്. വരും മാസങ്ങളിൽ കൂടുതൽ റൂട്ടുകളിൽ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകൾ എത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow