സാഗർ സൂര്യ, ഗണപതി, സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള പോസ്റ്ററുമായി പ്രകമ്പനം സിനിമയുടെ പുതിയ അപ്ഡേഷൻ എത്തി. പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ, കാർത്തിക്ക് സുബ്ബരാജാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
അതിനു ശേഷം പുറത്തുവിടുന്ന പോസ്റ്ററാണിത്.
പ്രധാനമായും യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരു ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥ തികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഏറെ ശ്രദ്ധയാകർഷിച്ച 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു ശേഷം, വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നവരസ ഫിലിംസ്, കാർത്തിക്ക് സുബ്ബരാജിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ, സുധീഷ് എൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിജിത്ത് നായർ. കോ പ്രൊഡ്യൂസസേർസ് - വിവേക് വിശ്വം, മോൻസി ,ദിലോർ, റിജോഷ് , ബ്ലസ്സി.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും കൊച്ചി നഗരത്തിലെ ഒരു കോളജിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ മൂന്നുപേരെ പ്രധാനമായും ഫോക്കസ് ചെയ്തു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപരോഗതി.
തങ്ങളുടെ നാട്ടിലെ രാഷ്ട്രീയ സാമൂഹ്യവിഷയങ്ങൾ ഈ ഹോസ്‌റ്റൽ ജീവിതത്തിൽ കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സാഗർ സൂര്യ ഗണപതി, അമീൻ എന്നിവർക്കു പുറമേ, അസീസ് നെടുമങ്ങാട്, ,രാജേഷ് മാധവൻ,പ്രശാന്ത് അലക്സാണ്ടർ കലാഭവൻ നവാസ്, പി.പി. കുഞ്ഞികണ്ണൻ,ലാൽ ജോസ്, മല്ലികാസുകുമാരൻ, ഗായത്രി സതീഷ്, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്.എസ്. നായർ, ഷിൻഷാൻ , ഷൈലജഅമ്പു, സുബിൻ ടർസൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുതുമുഖം ഗീതൾ ജോസഫാണു നായിക. തിരക്കഥ സംഭാഷണം - ശ്രീഹരി വടക്കൻ. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ബിബിൻ അശോക് ഈണം പകർന്നിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തും.