ഡൽഹി:71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി അഭിനേതാക്കൾ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അഭിനേതാക്കൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ ഏറ്റുവാങ്ങി.
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉർവശിയും, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയരാഘവനും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രം ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി, പൂക്കാലം എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ മിഥുന്‍ മുരളി, നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റവാങ്ങി.
മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ആശംസിച്ചത്. ദാദാ സാബിഹ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ നടൻ മോഹൻലാലിനെ കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു. ഇന്ന് കയ്യടി കൊടുക്കേണ്ടത് മോഹൻലാലിനാണെന്നും താങ്കൾ ഒരു ഉഗ്രൻ നടനാണെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
കൂടാതെ, മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിക്കുകയും ചെയ്തു. വേദിയിൽ മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ച് പരാമർശിച്ച് രാഷ്ട്രപതി. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരും മികച്ച നടിക്കുന്ന അവാർഡ് റാണി മുഖർജിയും ഏറ്റുവാങ്ങി.