എമ്പുരാനിലെ വിവാദ രംഗങ്ങള്‍ നീക്കും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

കൊച്ചി∙ എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹന്‍ലാൽ. തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മോഹൻലാൽ വ്യക്തമാക്കി.
വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ പറഞ്ഞു.
സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ‘എമ്പുരാൻ’ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു.
സ്ത്രീകൾക്കെതിരായ അക്രമവും ചില കലാപരംഗങ്ങളും എൻഐഎയുടെ ബോർഡുള്ള കാറിന്റെ ദൃശ്യവുമാണ് ഒഴിവാക്കുന്നത്. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജൻഡയാണ് ‘എമ്പുരാനി’ൽ ഉള്ളതെന്നു കുറ്റപ്പെടുത്തി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
What's Your Reaction?






