സുഹാൻ്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി

വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Dec 28, 2025 - 12:44
Dec 28, 2025 - 12:44
 0
സുഹാൻ്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മരണത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സുഹാന്റെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് വി ശിവൻകുട്ടി അറിയിച്ചു. 
 
വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പറഞ്ഞു. അമ്പാട്ടുപാളയം മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ ഇളയമകൻ, ആറു വയസ്സുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാര്‍ത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. 
 
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. 
 
ചിറ്റൂർ അമ്പാട്ടുപാളയത്ത് നിന്ന് കാണാതായ സുഹാന്‍റെ മൃതദേഹം 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. കുട്ടികൾക്കിടയിലുണ്ടാകുന്ന സാധാരണ പിണക്കമാണെന്ന് കരുതിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow