തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ മുറിയിൽ മധ്യവയസ്കനും സ്ത്രീയും മരിച്ച നിലയിൽ
ആശയെ കഴുത്തറുത്ത നിലയിലും കുമാറിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുമാർ ആദ്യം ആശയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് നിഗമനം.

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രോഗ്രാം എക്സിക്യൂട്ടീവായ കുമാർ (51)നേയും ആശ (42)യേയുമാണ് ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്.
ആശയെ കഴുത്തറുത്ത നിലയിലും കുമാറിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുമാർ ആദ്യം ആശയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് നിഗമനം. വെള്ളിയാഴ്ച കുമാർ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തിരുന്നുവെന്നും പിന്നീട് ആശ കുമാറിനോപ്പം ചേർന്നതായും പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം മുതൽ ഇരുവരെയും കാണാനില്ലാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടുകയും പ്രതികരണം ഇല്ലാത്തതിനാൽ പോലീസിൽ വിവരം അറിയിക്കുകയും പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ ആശയെ തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലും കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു എന്ന് തമ്പാനൂർ എസ്.എച്.ഒ ശ്രീകുമാർ ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇരുവരും വെവ്വേറെ വിവാഹിതരാണെന്നും ഇതിൽ കുമാർ തന്റെ ഭാര്യയുമായുള്ള വൈവാഹിക ബന്ധം കുറച്ചു നാൾ മുന്നേ വേർപ്പെടുത്തിയിട്ടുള്ളതായി അറിയുന്നുവെന്നും എസ്.എച്.ഒ കൂട്ടിച്ചേർത്തു.
പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






