തിരുവനന്തപുരം: പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ ശെരിവയ്ക്കും വിധമാണ് മലയാളികൾ ഈ ദിവസം കടന്നുപോകുന്നത്.
അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഇന്ന് ഉത്രാട പാച്ചിലിലാകും മലയാളികൾ. പൊന്നോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങളാണ് ഉത്രാടം ദിനത്തിൽ. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാൽ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്.
അത്തം മുതല്‍ ഓണവിപണി സജീവമായിരുന്നെങ്കിലും ഇന്നാണ് ഓണവിപണി യഥാർഥത്തിൽ കൊഴുക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങൾക്കാവശ്യമായ സാധനങ്ങളുൾപ്പെടെ ഈ ദിവസമാകും വാങ്ങുക. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും നാടും നഗരവും ഒരുങ്ങുന്ന ദിനമാണ് ഉത്രാടം.