ഡൽഹി: ആർ എസ് എസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എം പി. വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കുകയാണെങ്കില്‍ രാജ്യം തകരുമെന്ന് രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സർവകലാശാലകൾ ആർഎസ്എസിന്‍റെ നിയന്ത്രണത്തിലാണെന്ന സത്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തുമെന്നും രാഹുൽ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ട്. എന്നാൽ ഇവർ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ സംരക്ഷിക്കാന്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്യാഭ്യാസ സംവിധാനം അവരുടെ കൈകളിലായാല്‍ പതുക്കെ ഈ രാജ്യം നശിക്കുമെന്നും ആര്‍ക്കും ജോലി ലഭിക്കാതെ രാജ്യം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല പാര്‍ലമെന്റില്‍ മഹാകുംഭമേളയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.