കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പോലീസ്. നടിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്.
നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മി. തട്ടിക്കൊണ്ടു പോയ സംഘത്തിൻ്റെ കാറിൽ നടി ഉണ്ടായിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ മിഥുൻ, അനീഷ് സോനാ മോൾ എന്നിവരെ നോർത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഇരുപത്തിനാലാം തീയതിയാണ് കൊച്ചിയിലെ ബാറിൽ സംഘർഷം ഉണ്ടായത്. ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്.
അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു. തുടർന്ന് നോർത്ത് പറവൂരിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം പിന്നീട ആലുവ തോട്ടക്കാട്ടുകരയിൽ ഇറക്കിവിട്ടു എന്നാണ് പരാതി.