മാതൃക; ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു
കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ ദയാവധത്തിന് മാർച്ച് 11-നാണ് സുപ്രീം കോടതി അനുമതി നൽകിയത്
ന്യൂഡൽഹി: രാജ്യത്തെ ആദ്യ നിയമപരമായ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ മൃതദേഹം സംസ്‌കരിച്ചു. മരണാനന്തരം ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തുകൊണ്ട് കുടുംബം മാതൃകയായി. ഡൽഹി ഗ്രീൻ പാർക്ക് ശ്മശാനത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ ദയാവധത്തിന് മാർച്ച് 11-നാണ് സുപ്രീം കോടതി അനുമതി നൽകിയത്. ചികിത്സയോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനായിരുന്നു കോടതി നിർദ്ദേശം.
2013 ഓഗസ്റ്റിൽ ബിടെക് വിദ്യാർത്ഥിയായിരിക്കെ കെട്ടിടത്തിൽ നിന്ന് വീണാണ് ഹരീഷ് റാണ അബോധാവസ്ഥയിലായത്. അന്നുമുതൽ ശ്വസന സഹായികളുടെയും ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തിന്റെയും പിന്തുണയോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഹരീഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ സാധ്യതയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
ഹരീഷിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ മാറ്റിയെടുത്ത ഹൃദയവാൽവുകളും കോർണിയയും അർഹരായ രോഗികൾക്ക് നൽകും. മരണത്തിലും മറ്റൊരാൾക്ക് ജീവൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബം ഈ തീരുമാനമെടുത്തത്.
What's Your Reaction?