ജോർജുകുട്ടി തിയേറ്ററുകളിലേക്ക്; ഒടിടി റിലീസിന് ശേഷം 'ദൃശ്യം 2' ബിഗ് സ്‌ക്രീനിൽ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2021-ൽ നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്

Mar 25, 2026 - 19:21
Mar 25, 2026 - 19:21
 0
ജോർജുകുട്ടി തിയേറ്ററുകളിലേക്ക്; ഒടിടി റിലീസിന് ശേഷം 'ദൃശ്യം 2' ബിഗ് സ്‌ക്രീനിൽ

കൊച്ചി: മലയാള സിനിമാ ചരിത്രത്തിൽ അപൂർവ്വമായൊരു നീക്കത്തിനൊരുങ്ങി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 2'. ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ആദ്യ മലയാള ചിത്രങ്ങളിൽ ഒന്നാകാൻ ജോർജുകുട്ടിയും കുടുംബവും തയ്യാറെടുക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഈ ആവേശകരമായ വാർത്ത പങ്കുവെച്ചത്.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2021-ൽ നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ വലിയ കളക്ഷൻ നേടുമായിരുന്ന ചിത്രമാണിതെന്ന ആരാധകരുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ സഫലമാകുന്നത്.

ദൃശ്യം (2013) മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത് 2013-ലാണ്. ദൃശ്യം 2 (2021) എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം 2021-ൽ രണ്ടാം ഭാഗം എത്തിയത് ആമസോൺ പ്രൈമിലൂടെയായിരുന്നു. അപ്രതീക്ഷിത ക്ലൈമാക്സ് കൊണ്ട് ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഈ വർഷം മെയ് 21-നാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന 'ദൃശ്യം 3' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൂന്നാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ദൃശ്യം 2 കാണാനുള്ള അവസരമൊരുക്കുകയാണ് അണിയറപ്രവർത്തകർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow