നിങ്ങള്‍ കാണുന്ന വീഡിയോയും ഫോട്ടോയും ഒക്കെ AI ആണോ അതോ ഒറിജിനല്‍ ആണോ എന്ന ആശയകുഴപ്പം നമുക്ക് എല്ലാവർക്കും ഉണ്ട്. എന്തിനും ഏതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സഹായം തേടാത്തവരായി ആരുമില്ല.
പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിൽ നമ്മൾ കാണാറുണ്ട്. എന്നാൽ ഇത് എ ഐ ആണോ അതോ ഒർജിനൽ ആണോന്ന് കണ്ടെത്താൻ ഇപ്പോൾ വളരെ പ്രയാസമായിരിക്കുകയാണ്. ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ പലപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകാറുമുണ്ട്.
എന്നാൽ ഇനി ആ പ്രശ്‍നം ഉണ്ടാവില്ല. നിങ്ങളുടെ മുന്നില്‍വരുന്ന ഒരു വീഡിയോയോ ഫോട്ടോയോ ഒറിജിനലാണോ അതോ AI നിര്‍മ്മിതമാണോ എന്ന് കണ്ടെത്താനുള്ള വഴി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. അത്യാധുനിക എഐ മോഡലായ ജെമിനിയെ ഉപയോഗിച്ചാണ് ഗൂഗിൾ ഇത് സാധ്യമാക്കാനൊരുങ്ങുന്നത്.
അതിന് ഇത്രമാത്രം ചെയ്താല്‍ മതി, ചിത്രമോ വീഡിയോയോ നേരിട്ട് ഗൂഗിള്‍ ജെമിനി ആപ്പിലേക്ക് അപ്‌ലോഡ് ചെയ്തുകൊടുത്ത ശേഷം ഇത് AI ജനറേറ്റഡാണോ എന്ന് ചോദിച്ചാല്‍ മതി. വീഡിയോയിലെ മെറ്റാഡേറ്റയും പശ്ചാത്തലവും ,ചിത്രത്തിന്റെ പിക്സലുകളിൽ ചേർത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റൽ വാട്ടർമാർക്കും നിരീക്ഷിച്ചാകും ജെമിനി ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുക.
ആപ്പ് സപ്പോർട്ട് ചെയുന്ന ഏത് ഭാഷയിൽ വേണമെങ്കിലും നമുക്ക് ജെമിനിയോട് ചോദിക്കാവുന്നതാണ്. ഉള്ളടക്കം ഒന്നിലധികം തവണ എഡിറ്റ് ചെയ്തതോ പങ്കിട്ടതോ ആണെങ്കിലും ജമിനിക്ക് അത് യാഥാര്‍ഥമാണോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഗൂഗിളിന്റെ എ.ഐ വിഭാഗമായ ഡീപ് മൈൻഡ് ആണ് ഈ പുതിയ ഫീച്ചർ വികസിപ്പിച്ചിരിക്കുന്നത്.