ആലിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

Feb 15, 2026 - 17:30
Feb 15, 2026 - 17:30
 0
ആലിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

പത്തനംതിട്ട: നാലുകുട്ടികൾക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖയ്ക്ക് നാടിന്റെ യാത്രാമൊഴി. അവയവദാന ചരിത്രത്തിൽ പുതുചരിത്രം രചിച്ച് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മടങ്ങി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം.

 

കുഞ്ഞുമാലാഖയ്ക്ക് യാത്രമൊഴിയേകാൻ ജനസാഗരമാണ് മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനമുണ്ടായിരുന്നത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉൾപ്പെടെ നിരവധിപേർ ഇവിടെ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലും പൊതുദർശനത്തിന് സൗകര്യമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോർജ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. വൈകീട്ട് മൂന്നരയ്ക്ക്ശേഷം പള്ളിയിൽ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് വൈകിട്ട് അഞ്ചുമണിയോടെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ, പ്രത്യേക പോലീസ് സേന ആലിൻ ഷെറിന ആദരവ് അർപ്പിച്ചു. ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പോലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എം.സി. റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. വെള്ളിയാഴ്ച ഉച്ചയോടെ ഡോക്ടർമാർ കുഞ്ഞിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണിയും അവയവദാനത്തിന് തീരുമാനിച്ചത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് പത്തുമാസം പ്രായമുള്ള ഈ കുരുന്ന്. ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാലുകുട്ടികൾക്കാണ് പുതുജീവനേകുന്നത്. ഇതിൽ രണ്ടുപേർ അവയവങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow