ശബരിമല യുവതീ പ്രവേശനം; ബിജെപിയുടെ നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

Feb 15, 2026 - 18:16
Feb 15, 2026 - 18:16
 0
ശബരിമല യുവതീ പ്രവേശനം; ബിജെപിയുടെ നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വികസന കാര്യങ്ങളിൽ സംവാദത്തിന് ബി.ജെ.പി തയ്യാറാണെന്നും വ്യക്തമാക്കി. പത്തുവർഷത്തെ ദുർഭരണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ ബി.ജെ.പി.യുടെ നിലപാട് വ്യക്തമാണ്. ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്. അത്തരം നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരും. കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങൾക്കും കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ എന്നും അദ്ദേഹം ചോദിച്ചു. ആർട്ടിക്കിൾ 25 പ്രകാരം ദേവസ്വം ബോർഡ് വരുന്നത് സംസ്ഥാന സർക്കാരിന് കീഴിലാണ്. വിശ്വാസപരമായ കാര്യങ്ങളിൽ കേന്ദ്രം ഇടപെടാറില്ല. എൻ.എസ്.എസിന് അവരുടെ അഭിപ്രായം പറയാറുള്ള സ്വാതന്ത്ര്യമുണ്ട്. വികസനകാര്യങ്ങളിൽ പത്തുകൊല്ലംകൊണ്ട് സംസ്ഥാന സർക്കാർ എന്തുചെയ്തു എന്നും അദ്ദേഹം ചോദിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിലെ ഇന്ത്യക്കാരല്ലെന്ന പേരിൽ വോട്ട് നഷ്ടപ്പെട്ട സംഭവത്തിൽ ബി.ജെ.പി.യെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ വോട്ടർപട്ടികയിൽ വരാൻ പാടില്ല എന്നതാണ് ബിജെപി നിലപാട്. അർഹതപ്പെട്ടവർക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. കേരളത്തിന് ഒന്നും നൽകില്ല എന്ന് കരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രാന്താണോ എന്നും അദ്ദേഹം പരിഹസിച്ചു.

വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് ബി.ജെ.പി തയ്യാറാണ്. എന്നാൽ കേന്ദ്ര ബജറ്റിലടക്കം സംവാദത്തിന് സർക്കാർ തയ്യാറാകുന്നില്ല. ബി.ജെ.പി ഇതിനോടകം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർഥി പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്ര പാർലമെന്ററി പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

What's Your Reaction?

like

dislike

love

funny

angry

sad

wow