തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാവിലെ 7 മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്

Nov 10, 2025 - 13:21
Nov 10, 2025 - 13:21
 0
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.  രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് പൂർത്തിയാക്കുക. ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, ഇടുക്കി ജില്ലകളിൽ പോളിംഗ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. 
 
രാവിലെ 7 മുതൽ 6 മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് മത്സരം നടക്കുക. 
 
941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തിലെ 2267 വാര്‍ഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകളിലേക്കും 86 മുന്‍സിപ്പാലിറ്റികളിലെ 3205 വാര്‍ഡുകളിലേക്കും 6 കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
 
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം. പ്രായമായവർക്കും മാധ്യമ പ്രവർത്തകർക്കും ഈ സൗകര്യം ഉണ്ടാകില്ല. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. 
 
ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതിൽ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow