ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298, എയിഡഡ് മേഖലയിൽ 2,55,092, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി.
ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതി.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ കാംപുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിര്‍ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒന്‍പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.
എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും.
What's Your Reaction?






