ചികിത്സാപ്പിഴവെന്ന് പരാതി; പത്തനംതിട്ടയിൽ യുവാവിന്റെ കാൽ മുറിച്ചു മാറ്റി

കഴിഞ്ഞ വർഷം ഡിസംബറിൽ വീണ് കാലൊടിഞ്ഞതിനെത്തുടർന്നാണ് അഭിമന്യു ചികിത്സ തേടിയത്

Mar 29, 2026 - 13:30
Mar 29, 2026 - 13:30
 0
ചികിത്സാപ്പിഴവെന്ന് പരാതി; പത്തനംതിട്ടയിൽ യുവാവിന്റെ കാൽ മുറിച്ചു മാറ്റി

പത്തനംതിട്ട: ചികിത്സയിലെ വീഴ്ച കാരണം യുവാവിന്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശിയായ അഭിമന്യു (30) ആണ് കോട്ടയം മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന യുവാവ് ഇതോടെ പൂർണ്ണമായും കിടപ്പിലായി.

കഴിഞ്ഞ വർഷം ഡിസംബറിൽ വീണ് കാലൊടിഞ്ഞതിനെത്തുടർന്നാണ് അഭിമന്യു ചികിത്സ തേടിയത്. കോന്നി മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നേരിടേണ്ടി വന്ന അവഗണനയാണ് കാൽ നഷ്ടപ്പെടാൻ കാരണമായതെന്ന് യുവാവ് പറയുന്നു.

ഡിസംബർ 25, 26 തീയതികളിൽ സ്ട്രെക്ചറിൽ തന്നെ കിടത്തി. കഠിനമായ വേദന ഉണ്ടായിട്ടും മരുന്നുകൾ നൽകാൻ അധികൃതർ തയ്യാറായില്ല. കാലിൽ പഴുപ്പ് ബാധിച്ചിട്ടും അത് വകവെക്കാതെ ഡിസംബർ 31-ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. സ്കാനിംഗിൽ ഞരമ്പിന് തകരാർ കണ്ടതിനെത്തുടർന്ന് മറ്റൊരു കാലിൽ നിന്ന് ഞരമ്പെടുത്ത് ഘടിപ്പിച്ചെങ്കിലും സ്പർശനശേഷി തിരിച്ചുകിട്ടിയില്ല.

ഒടുവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പുതുവത്സര ദിനത്തിൽ യുവാവിന്റെ കാൽ മുറിച്ചു മാറ്റുകയായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അഭിമന്യു. അച്ഛൻ ഒരു വർഷം മുൻപ് മരിച്ചതോടെ അമ്മയും ഭാര്യയും മകനും അടങ്ങുന്ന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഭാവി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഈ കുടുംബം.

What's Your Reaction?

like

dislike

love

funny

angry

sad

wow