സി.പി.ഐ എമ്മിന് തലസ്ഥാനത്ത് പുതിയ ആസ്ഥാനം; എ.കെ.ജി സെന്റർ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
എ.കെ.ജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് 32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ മന്ദിരം
തിരുവനന്തപുരം: സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിർമിച്ച എ.കെ.ജി സെന്റർ സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടമുറിച്ച് ഉദ്‌ഘാടനം ചെയ്തു. ശിലാഫലകത്തിന്റെ അനാശ്ചാദനവും അദ്ദേഹം നടത്തി. മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള പുതിയ ഓഫീസിനു മുന്നിൽ ആദ്യ പതാക ഉയർത്തി.
നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ. കെ. ജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ. എസ് വാര്യർ റോഡിലാണ് 32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ മന്ദിരം. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ മുന്നോട്ടുവച്ച ആശയമാണ് അതിവേഗം നടപ്പാക്കിയത്.
സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം. എ ബേബി, സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, കെ. എൻ ബാലഗോപാൽ, കെ. കൃഷ്ണൻ കുട്ടി, ഒ. ആർ കേളു, എം. ബി രാജേഷ്, വി. എൻ വാസവൻ, ഡോ. ആർ. ബിന്ദു, ഗണേഷ് കുമാർ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ. എ റഹീം എം.പി, കെ രാധാകൃഷ്ണൻ എം.പി , എൽ.ഡി.എഫ് കൺവീനർ ടി. പി രാമകൃഷ്ണൻ, എ. കെ ബാലന്‍, സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. പി ജയരാജന്‍, പി. കെ ശ്രീമതി, ടി. എം തോമസ് ഐസക്, കെ. കെ ശൈലജ, പി സതീദേവി, എളമരം കരീം, സി. എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. കെ ബിജു, എം. വി ജയരാജൻ, സി. എൻ മോഹനൻ, എം. സ്വരാജ്, ആന്റണി രാജു എം.എൽ.എ തുടങ്ങി നിരവധി പേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമുണ്ട്. താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങളാണ്. ഏറ്റവും മുകളിലത്തെ നിലയിലാണ് ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും. ഹരിതചട്ടം പാലിച്ചാണ് നിർമാണമെന്നും കെട്ടിടത്തിന്റെ 30% സ്ഥലത്തു മാത്രമേ എ.സി ഒരുക്കിയിട്ടുള്ളൂവെന്നും പാർട്ടി നേതാക്കൾ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ റബ്കോയുടെ ഫർണിച്ചറാണ് ഉപയോഗിച്ചിരിക്കുന്നത്.
1977ൽ എ.കെ.ആന്റണി സർക്കാർ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവ്വകലാശാലയുടെ ഭൂമിയിൽ നിന്ന് അനുവദിച്ച സ്ഥലത്താണ് നിലവിലെ പാർട്ടി ആസ്ഥാനം. പുതിയ ആസ്ഥാനത്തിനായി 6.5 കോടി രൂപ ചെലവിലാണ് പാർട്ടി സ്ഥലം വാങ്ങിയത്.
What's Your Reaction?






