സെർവിക്കൽ കാൻസർ: ലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധിക്കാം; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ

രോഗം വഷളായ ശേഷം ചികിത്സ തേടുന്നതാണ് പലപ്പോഴും തിരിച്ചടിയാകുന്നത്

Jan 11, 2026 - 22:01
Jan 11, 2026 - 22:01
 0
സെർവിക്കൽ കാൻസർ: ലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധിക്കാം; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ

ലോകമെമ്പാടുമുള്ള സ്ത്രീകളിൽ കണ്ടുവരുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. ഗർഭപാത്രത്തിന്റെ താഴ്ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന ഈ രോഗം ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗം വഷളായ ശേഷം ചികിത്സ തേടുന്നതാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഇത് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും.

അറിഞ്ഞിരിക്കേണ്ട 4 പ്രധാന കാര്യങ്ങൾ:

1. എച്ച്പിവി (HPV) അണുബാധ: ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് ഈ അർബുദത്തിന് പ്രധാന കാരണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ അണുബാധ സർവ്വസാധാരണമാണെങ്കിലും എല്ലാ വൈറസുകളും കാൻസറിന് കാരണമാകില്ല. 14 തരം എച്ച്പിവി വൈറസുകൾ അപകടകാരികളാണ്, ഇതിൽ 'എച്ച്പിവി 16, 18' എന്നിവയാണ് സെർവിക്കൽ കാൻസറിന് പ്രധാന പങ്കുവഹിക്കുന്നത്. ഇവ ഗർഭാശയമുഖത്ത് മാത്രമല്ല യോനി, മലദ്വാരം, വായ, തൊണ്ട എന്നിവിടങ്ങളിലും കാൻസറുണ്ടാക്കാം.

2. പതിവ് പരിശോധനയുടെ പ്രാധാന്യം: 80 ശതമാനത്തോളം സ്ത്രീകളും കാൻസർ പരിശോധനകൾ ഒഴിവാക്കാറുണ്ട്. എന്നാൽ 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ സ്ക്രീനിങ് നടത്തുന്നത് അത്യാവശ്യമാണ്.

പാപ് സ്മിയർ: സെർവിക്കൽ കോശങ്ങളിലെ മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

എച്ച്പിവി ടെസ്റ്റ്: വൈറസ് സാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്നു.

3. പ്രാരംഭ ലക്ഷണങ്ങൾ: തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ലെങ്കിലും താഴെ പറയുന്നവ ശ്രദ്ധിക്കണം:

ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം.

അസാധാരണമായ യോനീ സ്രവം, ചൊറിച്ചിൽ അല്ലെങ്കിൽ പുകച്ചിൽ.

കഠിനമായ ഇടുപ്പ് വേദന (Pelvic pain), വയറുവേദന, പുറംവേദന.

ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അമിത ക്ഷീണം, വയർ വീർക്കൽ.

4. ജീവിതശൈലിയും പ്രതിരോധവും: ആരോഗ്യകരമായ ശീലങ്ങൾ കാൻസർ സാധ്യത കുറയ്ക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും വൈറസിനെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും. സുരക്ഷിതമായ ലൈംഗിക ബന്ധം പുലർത്തുന്നതും കൃത്യസമയത്തുള്ള എച്ച്പിവി വാക്സിനേഷനും രോഗം തടയാൻ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow