തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. . ആന്‍റണി രാജുവിനെതിരേ ബാർ കൗൺസിൽ സ്വമേധയാ കേസെടുത്തേക്കും.
വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം എടുക്കും.
അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. അടുത്ത ബാർ കൗൺസിലിൽ തീരുമാനമെടുക്കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്‍റണി രാജുവിന്‍റെ നടപടി നാണക്കേടുണ്ടാക്കുന്നുവെന്നും തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ബാർ കൗൺസിൽ പ്രസിഡന്‍റ് ടി.എസ്. അജിത് മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടു. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിന് തടവും പിഴയും വിധിച്ചത്.