ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി 'ആമോസ് അലക്സാണ്ട'റിൻ്റെ ആദ്യ ടീസർ എത്തി. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്നു.
ടീസറിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിത്രം വലിയ ദുരൂഹതകൾ ഒളിപ്പിച്ചു വച്ച ഒരു ഭാണ്ഡക്കെട്ടു തന്നെയെന്നു വ്യക്തമാകും. അവതാരങ്ങൾ പിറവിയെടുക്കുന്ന ദിവസം ലോകത്തിൽ രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്പോൾ എന്താണ് അതിനു പിന്നിൽ ആ കഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷ ജനിപ്പിക്കുന്നു.
ജാഫർ ഇടുക്കിയാണ് 'ആമോസ് അലക്സാണ്ടര്‍' എന്ന ഈ വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വേഷത്തിലും, രൂപത്തിലും, അവതരണത്തിലു മെല്ലാം വലിയ വ്യത്യസ്ഥതയാണ് ഈ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്.
ജാഫറിൻ്റെ അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവിനു കാരണമാകുന്നതാകും ഈ കഥാപാത്രം.
അൽപ്പം ഹ്യൂമർ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ അജു വർഗീസും ഇത്തിരി ഗൗരവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സസ്പെൻസ് ക്രൈം ത്രില്ലെർ ആയി ഒരുങ്ങുന്ന ഈ ചിത്രം തമിഴ്നാട്, കർണാടക, ഗോവ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ തുടങ്ങി ഇന്ത്യയിലെ പതിനഞ്ചോളാം സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴ, മൂന്നാർ,വാഗമൺ, ഇടുക്കി, പറവൂർ എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
കലാഭവൻ ഷാജോൺ,ഡയാനാ ഹമീദ്, സുനിൽ സുഗത,ശ്രീജിത്ത് രവി,നാദിർഷാ, അഷറഫ് പിലാക്കൽ, രാജൻ വർക്കല അഞ്ജന അപ്പുക്കുട്ടൻ ,എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ -പ്രശാന്ത് വിശ്വനാഥൻ. സംഗീതം - മിനി ബോയ്.