അസമിലെ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങി
ക്വാറിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച് ഖനിക്കുള്ളിൽ 15 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. എന്നാൽ അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഗുവാഹത്തി: അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിൽ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ക്വാറിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച് ഖനിക്കുള്ളിൽ 15 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. എന്നാൽ അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഗംഗാ ബഹദൂർ ശ്രേത്, ഹുസൈൻ അലി, ജാക്കീർ ഹുസൈൻ, സർപ്പ ബർമാൻ, മുസ്തഫ സെയ്ഖ്, ഖുഷി മോഹൻ റായ്, സഞ്ജിത് സർക്കാർ, ലിജൻ മഗർ, ശരത് ഗൊയാരി എന്നീവരാണ് കുടുങ്ങിയ തൊഴിലാളികളെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ മുഖ്യമന്ത്രി രേഖപ്പെടുത്തി.
"ഉംറാങ്‌സോയിൽ നിന്നുള്ള ദുഃഖകരമായ വാർത്ത. തൊഴിലാളികൾ കൽക്കരി ഖനിയിൽ കുടുങ്ങിയിരിക്കുന്നു. കൃത്യമായ എണ്ണവും നിലയും ഇതുവരെ അജ്ഞാതമാണ്. ഡിസിയും എസ്പിയും എൻ്റെ സഹപ്രവർത്തകൻ ശ്രീ കൗശിക് റായിയും ഓടിയെത്തുകയാണ്. എല്ലാവരുടെയും സുരക്ഷയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു,' മുന്നത്തെ ഒരു പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.
"നടന്ന രക്ഷാപ്രവർത്തനത്തിൽ സൈന്യത്തിൻ്റെ സഹായം ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തേക്ക് യാത്ര തുടരുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ നാഗാലാൻഡിലെ വോഖ ജില്ലയിലെ കൽക്കരി ഖനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് തൊഴിലാളികൾ മരിച്ചിരുന്നു. നാല് പേർക്കു പരിക്കുമേറ്റിരുന്നു.
കഴിഞ്ഞ വർഷം മേയിൽ ആസാമിലെ ടിൻസുകിയ ജില്ലയിൽ ഖനി തകർന്ന് മൂന്ന് ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. 2022 സെപ്റ്റംബറിൽ ഇതേ ജില്ലയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കൽക്കരി ഖനിത്തൊഴിലാളികളും മരണപ്പെട്ടിരുന്നു.
2018 ഡിസംബർ 13 ന് മേഘാലയയിലെ ക്‌സാൻ പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ എലി-ഹോൾ കൽക്കരി ഖനിയിൽ 15 ഖനിത്തൊഴിലാളികൾ മരിച്ചതാണ് സമീപകാല ഓർമ്മകളിലെ ഏറ്റവും വലിയ ദുരന്തം.
What's Your Reaction?






