മൂന്നാം ദിനം 71 ചിത്രങ്ങൾ; വിസ്മയം തീർക്കാൻ 'ചെമ്മീനും' 'വാനപ്രസ്ഥവും

സിസാക്കോയുടെ 'ടിംബക്തു' നിളയിൽ രാവിലെ 11.45ന്

Dec 14, 2025 - 09:02
Dec 14, 2025 - 09:02
 0
മൂന്നാം ദിനം 71 ചിത്രങ്ങൾ; വിസ്മയം തീർക്കാൻ 'ചെമ്മീനും' 'വാനപ്രസ്ഥവും

തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് (ഞായറാഴ്ച) തലസ്ഥാനത്തെ 11 തിയേറ്ററുകളിലായി പ്രേക്ഷകരെ കാത്തിരിക്കുന്നത് 71 ചിത്രങ്ങൾ.  

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏഴ് സിനിമകളും, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിലെ എട്ട് ചിത്രങ്ങളും, വേൾഡ് സിനിമ വിഭാഗത്തിലെ 19 ചിത്രങ്ങളും, ഹോമേജ് വിഭാഗത്തിലെ രണ്ട് ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്. ഹോമേജ്, അന്താരാഷ്ട്ര മത്സരം, പലസ്തീൻ പാക്കേജ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ നിരവധി ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് മൂന്നാം ദിനം നടക്കുക.

മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് പ്രശസ്ത ചിലിയൻ ചലച്ചിത്രകാരൻ പാബ്ലോ ലറൈൻ നയിക്കുന്ന മാസ്റ്റർ ക്ലാസ് സെഷനാണ്. ഉച്ച 2.30 മുതൽ നിള തിയേറ്ററിലാണ് പരിപാടി. കൂടാതെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവായ അബ്ദുറഹ്മാൻ സിസാക്കോയുടെ 'ടിംബക്തു' എന്ന ചിത്രം നിള തിയേറ്ററിൽ രാവിലെ 11.45ന് പ്രദർശിപ്പിക്കും.

സുവർണ്ണ ചകോരത്തിനായി മത്സരിക്കുന്ന 14 ചിത്രങ്ങളിൽ ഏഴു സിനിമകളുടെ ആദ്യ പ്രദർശനവുമുണ്ട്. കൂടാതെ, 'സിനിമ ജസീരിയ' 'ക്യുർപോ സെലെസ്‌റ്റെ', 'യെൻ ആൻഡ് എയ്-ലീ', 'ദി സെറ്റിൽമെന്റ്', 'ലൈഫ് ഓഫ് എ ഫാലസ്', 'കിസ്സിംഗ് ബഗ്', 'ഷാഡോ ബോക്‌സ്' എന്നിവയുടെ ആദ്യ പ്രദർശനവും ഞായറാഴ്ച നടക്കും.

ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ രണ്ട് മലയാളം ക്ലാസ്സിക്കുകളായ 'വാനപ്രസ്ഥം' നിള തിയേറ്ററിൽ വൈകീട്ട് 5.30 നും, 'ചെമ്മീൻ' ന്യൂ-1 തിയറ്ററിൽ ഉച്ച 12 നും പ്രദർശനം നടത്തും. ഇരുചിത്രങ്ങളുടേയും ഒറ്റ പ്രദർശനമാണിത്. 

ലോകവേദികളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്' ടാഗോർ തിയേറ്ററിൽ വൈകീട്ട് 6 നും, 'സെന്റിമെന്റൽ വാല്യൂ' ടാഗോർ തിയറ്ററിൽ ഉച്ച 2.15 നും, 'ദി പ്രസിഡന്റ്‌സ് കേക്ക്' ന്യൂ-3 തിയേറ്ററിൽ രാവിലെ 9.30 നും പ്രദർശിപ്പിക്കും. 

പലസ്തീൻ പാക്കേജിലെ ചിത്രങ്ങളായ 'ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ' ഏരീസ്പ്ലക്സ് സ്ക്രീൻ 1ൽ വൈകീട്ട് 6.30 നും, 'ദി സീ' ശ്രീ തിയേറ്ററിൽ 6 നും ആദ്യ പ്രദർശനം നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow