ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

May 8, 2025 - 10:23
May 8, 2025 - 10:23
 0  7
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം

കാസർഗോഡ്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ. കാസർഗോഡ് കാഞ്ഞങ്ങാട് പള്ളിപ്പാറ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയ്യുന്നത്. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് അശ്വൻ എം, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആര്യ. ഇ എന്നിവർ ഉടൻ ആശുപത്രിയിൽ എത്തി യുവതിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. ആംബുലൻസ് കണ്ണൂർ പയ്യന്നൂർ കോത്തായിമുക്ക് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആര്യ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.20ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആര്യയുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ ആര്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് അശ്വൻ ഇരുവരെയും പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow