വയനാട്ടിൽ റെഡ് അലർട്ട്; ശനി, ഞായർ അതിതീവ്ര മഴ മുന്നറിയിപ്പ്
ബത്തേരി: വയനാട് ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലും 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. അപകടസാധ്യതയുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂർണമായും ഒഴിവാക്കുകയും വേണം.
What's Your Reaction?

