ED ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: 5 പ്രതികളുമായി തെളിവെടുപ്പ്

Jun 5, 2026 - 21:03
Jun 5, 2026 - 21:03
 0
ED ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: 5 പ്രതികളുമായി തെളിവെടുപ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിക്കുന്ന വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പിണറായി വിജയൻ താമസിക്കുന്ന വാടകവീടിന് പുറത്ത് വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്.

നിതിൻ രാജ്, മനോജ്, ജീവൻ, ഷാഹിൻ, ശ്രീജിത്ത് എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് വിവരങ്ങൾ ശേഖരിച്ചത്. വീടിന്റെ പ്രധാന ഗേറ്റിന് പുറത്തുള്ള റോഡിൽ വെച്ചാണ് പ്രതികളിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞത്.

പ്രതികളെ നാളെ വൈകിട്ട് 4 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധിക്കുന്നുണ്ട്.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുക, മറ്റ് പ്രതികളെ തിരിച്ചറിയുക, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ അംഗീകരിച്ചാണ് കോടതി ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കേസിൽ ഇതുവരെ 46 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിൽ 26 പേർ അറസ്റ്റിലായിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow