കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ അജ്ഞാത മൃതദേഹം; മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ നിലയില്‍

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മുക്കടവ് പാലത്തിൽ നിന്ന് 600 മീറ്ററോളം അകലെ കുന്നിൻ പ്രദേശത്താണ് മൃതദേഹം കണ്ടത്

Sep 24, 2025 - 11:15
Sep 24, 2025 - 11:15
 0
കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ അജ്ഞാത മൃതദേഹം; മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ നിലയില്‍

പുനലൂർ: കയ്യും കാലും ചങ്ങലകൾ കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിൽ അജ്ഞാതന്റെ മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹമാണ് മുക്കടവിൽ കുന്നിൻ പ്രദേശത്തെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ കാണപ്പെട്ടത്. പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മുക്കടവ് പാലത്തിൽ നിന്ന് 600 മീറ്ററോളം അകലെ കുന്നിൻ പ്രദേശത്താണ് മൃതദേഹം കണ്ടത്. പിറവന്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ വന്മള വാർഡിന്റെ ഭാഗമാണ് ഇവിടം. ഇന്നലെ ഉച്ചതിരിഞ്ഞ് കാന്താരി ശേഖരിക്കാൻ തോട്ടത്തിൽ എത്തിയ സ്ഥലവാസികളാണ് മൃതദേഹം കണ്ടത്.

സമീപത്തുനിന്ന് കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ റബർ മരങ്ങൾ ടാപ്പിങ് നടത്തിയിരുന്നില്ല. ഈ ഭാഗത്ത് പരക്കെ കാട് പടർന്ന് കിടക്കുകയുമായിരുന്നു. അതിനാൽ അൽപം ദൂരെ നിന്നാൽ മൃതദേഹം കാണാനാകാത്ത സ്ഥിതിയിലായിരുന്നു. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാൻ സാധിക്കാത്തവിധം ജീർണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടതായും പോലീസ് പറഞ്ഞു. കഴുത്തിൽ സ്വർണമെന്നു കരുതുന്ന മാലയും ഉണ്ടായിരുന്നു.

പുനലൂർ ഫയർ ഫോഴ്സ് എത്തിയാണ് റബർ മരത്തിൽ നിന്നു ചങ്ങല മുറിച്ച് നീക്കിയത്. കൂറ്റൻ ചങ്ങലയാണ് കൈകാലുകൾ ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയിടുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. പോലീസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് 150 മീറ്ററോളം ദൂരം വരെ പോയി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. ഡി.എൻ.എ പരിശോധനയ്ക്കായി കൂടുതൽ സാംപിളുകളും ശേഖരിക്കും. ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. 

What's Your Reaction?

like

dislike

love

funny

angry

sad

wow