സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം തുടരുന്നു; ഇന്നുമാത്രം രണ്ട് മരണം

കാഞ്ഞാർ സ്വദേശിയായ വിശാലാക്ഷിക്ക് വീടിന് സമീപത്ത് വെച്ചാണ് പാമ്പുകടിയേറ്റത്

Apr 26, 2026 - 17:03
Apr 26, 2026 - 17:03
 0
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം തുടരുന്നു; ഇന്നുമാത്രം രണ്ട് മരണം

ഇടുക്കി/കണ്ണൂർ: കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് രണ്ട് പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75), കണ്ണൂർ പട്ടുവം സ്വദേശി നബീസ (70) എന്നിവരാണ് മരിച്ചവർ. ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

കാഞ്ഞാർ സ്വദേശിയായ വിശാലാക്ഷിക്ക് വീടിന് സമീപത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളിപ്പറമ്പ് പട്ടുവം സ്വദേശി നബീസയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിൽ വെച്ച് പാമ്പ് കടിച്ചത്.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നബീസയ്ക്ക് ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന നബീസ ഇന്ന് രാവിലെയാണ് മരിച്ചത്. 'ശംഖുവരയൻ' പാമ്പാണ് കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വീടിന് ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകടിയേറ്റാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമായ ആശുപത്രികളിൽ എത്തിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow