അതിര്‍ത്തി ഗ്രാമങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താം, സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തും പ്രത്യേകമായി അനുവദിച്ച ട്രെയിനിന്റെ വിവരങ്ങളും സാമൂഹികമാധ്യമത്തിലൂടെ സുരേഷ്‌ഗോപി പങ്കുവെച്ചു

തിരുവനന്തപുരം: ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിനിടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ഇടപെടല്‍ വിജയകരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്‍റെ അഭ്യര്‍ഥന പ്രകാരം വിദ്യാര്‍ഥികളെ കേരളത്തില്‍ എത്തിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം പ്രത്യേകം ട്രെയിന്‍ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തും പ്രത്യേകമായി അനുവദിച്ച ട്രെയിനിന്റെ വിവരങ്ങളും സാമൂഹികമാധ്യമത്തിലൂടെ സുരേഷ്‌ഗോപി പങ്കുവെച്ചു. 'ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ദര്‍, ഛണ്ഡീഗഡില്‍ എന്നിവിടങ്ങളില്‍നിന്നും മറ്റും ഡല്‍ഹിയില്‍ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അതിന് പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ എത്താന്‍ വേണ്ടി 24 കോച്ചുള്ള പ്രത്യേക ട്രെയിന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി റെയില്‍വേ മന്ത്രാലയം' - എന്നാണ് സുരേഷ്‌ഗോപിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.
ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന സൂപ്പര്‍ഫാസ്റ്റ് റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു സര്‍വീസ് മാത്രമാണ് ഉണ്ടാകുക. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡല്‍ഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തും.
What's Your Reaction?






