കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിനടുത്ത് പുക; രോഗികള ഒഴിപ്പിച്ചു
അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റിയിട്ടുണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിന് സമീപം പുക. പിന്നാലെ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റിയിട്ടുണ്ട്. രാത്രി 8മണിയിടെയാണ് അപകടം ഉണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പോലീസും തീ അണക്കാൻ ശ്രമിക്കുകയാണ്.
ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുന്നത് തുടരുകയാണ്. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.
What's Your Reaction?






