കൊല്ലത്തെ അമൃതം ന്യൂട്രിമിക്സ് യൂണിറ്റ് വൃത്തിഹീനമല്ലെന്ന് കണ്ടെത്തല്‍; സ്ഥാപനം മാറാല പിടിച്ച നിലയില്‍
മൂന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികൾക്കുള്ള പോഷകാഹാരം നിർമിക്കുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾപോലും നടക്കുന്നില്ല.

കൊല്ലം: ജില്ലയിലെ മണപ്പള്ളി അമൃതം ന്യൂട്രിമിക്സ് യൂണിറ്റിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കുഞ്ഞുങ്ങൾക്കുള്ള അമൃതംപൊടി സുരക്ഷിതമായല്ല നിർമിക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ. മണപ്പള്ളി ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് യൂണിറ്റിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഉത്പാദനമെന്ന് കണ്ടെത്തി. ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രി മിക്സ് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നതായി സംസ്ഥാന ഭക്ഷ്യ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികൾക്കുള്ള പോഷകാഹാരം നിർമിക്കുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾപോലും നടക്കുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച പൊടിച്ചുചേർത്ത അമൃതംപൊടി നാലു ദിവസമായിട്ടും പായ്ക്ക് ചെയ്യാത്ത അവസ്ഥയിലായിരുന്നു. സ്ഥാപനത്തിന്‍റെ മേൽക്കൂരയിൽ മാറാല പിടിച്ചിട്ടുണ്ടായിരുന്നു. സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പരിശോധിച്ചതിൽനിന്ന് വർഷങ്ങളായി ഒരേ സ്ഥാപനത്തിൽനിന്നാണ് ധാന്യങ്ങൾ വാങ്ങുന്നതെന്ന് മനസിലായി. ഇതിൽ കൃത്യമായ ഗുണനിലവാരം കാണുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ ധാന്യങ്ങളുടെയും അമൃതം പൊടിയുടെയും സാമ്പിളുകൾ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചു.
കുടുംബശ്രീയ്ക്കാണ് സ്ഥാപനത്തിന്റെ മേൽനോട്ടച്ചുമതലയുള്ളത്. അധികൃതരെ ഭക്ഷ്യ കമ്മിഷൻ അംഗം സബിദാബീഗം നേരിട്ടു വിളിച്ചിട്ടും ആരും സ്ഥാപനത്തിൽ വന്നില്ല. നേരത്തേ സാമ്പിൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തേണ്ട അടിയന്തര ഇടപെടലുകൾ നടത്തിപ്പുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്‌സൺ അറിയിച്ചു.
2024 ജൂണിലെ ഗവ. അനലിസ്റ്റിക് ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തിൽനിന്ന് വിതരണം ചെയ്ത അമൃതം പൊടി സുരക്ഷിതമല്ലെന്നറിഞ്ഞിട്ടും ബന്ധപ്പെട്ടവർ തുടർനടപടി എടുത്തിട്ടില്ലെന്നത് അതീവ ഗുരുതരമാണെന്നും കമ്മിഷൻ വിലയിരുത്തി. തഴവ ഭാഗത്തുള്ള നൂട്രിമിക്സ് യൂണിറ്റുകൾ പരിശോധനസമയത്ത് അടഞ്ഞുകിടക്കുകയായിരുന്നു.
What's Your Reaction?






