പോലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാകുന്നു, രാഹുൽ മാങ്കൂട്ടത്തിൽ 25-നകം ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷന്‍
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്
പാലക്കാട്: ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനകൾ നിരന്തരം നടക്കുന്ന പശ്ചാത്തലത്തിൽ, എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഈ മാസം 25-നകം ഫ്ലാറ്റ് ഒഴിയണമെന്ന് താമസക്കാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രാഹുലിന് നോട്ടിസ് നൽകിയിട്ടുണ്ട്. രാഹുലിൻ്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് നിരന്തരം പരിശോധന നടത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് 4.45 ന് പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. വോട്ട് ചെയ്യുന്ന സമയത്ത് സ്കൂളിന് പുറത്ത് രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
തനിക്കു പറയാനുള്ളതും തനിക്കെതിരെ പറയുന്നതും കോടതിയുടെ മുന്നിലാണെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് ചെയ്ത ശേഷം രാഹുൽ തൻ്റെ ഓഫീസിലെത്തി ജീവനക്കാരുമായി ഔദ്യോഗിക വിഷയങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. ഇന്ന് രാവിലെ എം.എൽ.എ. വീണ്ടും ഓഫീസിലെത്തുമെന്നാണ് വിവരം.
ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിനു നിർബന്ധിച്ചെന്നും ആരോപിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയതിനു പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. ഹോംസ്റ്റേയിൽ പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ഒളിവുജീവിതം അവസാനിപ്പിച്ച് മണ്ഡലത്തിൽ തിരിച്ചെത്തിയത്.
മൂന്ന് മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരാകണമെന്നും, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
What's Your Reaction?

