'നികുതി ഭാരത്തിൽ നിന്ന് രാജ്യത്തിനു മോചനം, 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ'
പാവപ്പെട്ടവർക്കും മധ്യവർഗത്തിൽപ്പെട്ടവർക്കും യുവജനങ്ങൾക്കും വനിതകൾക്കും വ്യാപാരികൾക്കുമെല്ലാം ജി.എസ്.ടി പരിഷ്കരണം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജി.എസ്.ടി പരിഷ്കരണം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവർക്കും മധ്യവർഗത്തിൽപ്പെട്ടവർക്കും യുവജനങ്ങൾക്കും വനിതകൾക്കും വ്യാപാരികൾക്കുമെല്ലാം ജി.എസ്.ടി പരിഷ്കരണം ഗുണം ചെയ്യും. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജി.എസ്.ടി സാമ്പാദ്യോത്സവത്തിനാണ് നാളെ തുടക്കമാകുന്നത്. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകുന്ന ജിഎസ്ടി പരിഷ്കരണമാണ് നടപ്പിലാകുന്നത്. ഈ പരിഷ്കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്
നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് ഓരോ പ്രദേശത്തും ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തിൽ നിന്ന് രാജ്യത്തിനു മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്ന പദ്ധതിയാണിത്. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ പ്രവർത്തനം.
ജിഎസ്ടി രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടർച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാൻ പോവുകയാണ്. വ്യാപാരികൾ ജിഎസ്ടി പരിഷ്കരണത്തിൽ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. വീട് വയ്ക്കുന്നവർക്കും ചെലവ് കുറയും. യാത്രകൾക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബിൽ വരും.
എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5, 18 ശതമാനം ജിഎസ്ടി സ്ലാബുകൾ മാത്രമേ രാജ്യത്തുണ്ടാകൂ. പലതരം നികുതികളാണ് രാജ്യത്ത് വിലവർധനയ്ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധി പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സർക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. എല്ലാ വീടുകളിലും കടകളിലും സ്വദേശി ഉത്പന്നങ്ങൾ നിറയണം.
What's Your Reaction?






