വിദേശത്ത് ജോലി നൽകാമെന്ന പത്രപരസ്യങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുന്നു: പ്രവാസി കമ്മീഷൻ

പ്രവാസി കമ്മീഷൻ അദാലത്തിൽ 49 കേസുകളാണ് പരിഗണിച്ചത്

Sep 17, 2025 - 10:20
Sep 17, 2025 - 10:21
 0
വിദേശത്ത് ജോലി നൽകാമെന്ന പത്രപരസ്യങ്ങളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിക്കുന്നു: പ്രവാസി കമ്മീഷൻ

വിദേശത്ത് ജോലി നൽകാമെന്ന പത്രപരസ്യത്തിലെ വാഗ്ദാനത്തിൽ കുടുങ്ങി അപേക്ഷ നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നഷ്ടം 350 ദിർഹം. പറ്റിച്ചവരുടെ നാടോ, വിലാസമോ ഒന്നും അറിയില്ല. 
ഇത്തരത്തിൽ പത്ര പരസ്യങ്ങളിൽ കാണുന്ന വാഗ്ദാനങ്ങളിൽ കുടുങ്ങി, കമ്പനിയുടെ വിവരങ്ങളോ, രജിസ്ട്രേഷനോ, ഗവൺമെന്‍റ് അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നവരിൽ ഭൂരിഭാഗവും വഞ്ചിതരാകുകയാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന അദാലത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ.  

അംഗീകാരമില്ലാത്ത ഏജൻസികളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകേണ്ടതുണ്ട്. ഇതിന് മാധ്യമങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. പ്രവാസി കമ്മീഷൻ അദാലത്തിൽ 49 കേസുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകൾ പരിഹരിച്ചു. മറ്റു കേസുകൾ വിശദമായ അന്വേഷണത്തിനും തുടർ നടപടികൾക്കുമായി മാറ്റിവെച്ചു. 40 പുതിയ കേസുകളും ഇന്ന് ലഭിച്ചു.

എല്ലാ മാസത്തെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച വിവിധ ജില്ലകളിലായി പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബർ 14 ന് കോട്ടയം ജില്ലയിലാണ് നടക്കുക. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുക എന്നതാണ് ഇത്തരം അദാലത്തുകൾ ലക്ഷ്യമാക്കുന്നത്. പ്രവാസികൾ ആയിരുന്നവരുടെയും പ്രവാസികളായി തുടരുന്നവരുടെയും പരാതികളാണ് പരിഗണിക്കുന്നത് -ചെയർപേഴ്സൺ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow