നീറ്റ് വിവാദം: ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങൾ
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് രാജ്യത്തുടനീളം ഉയർന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. 2026ലെ നീറ്റ് വിവാദവും അതിലേക്കു നയിച്ച പ്രധാന സംഭവവികാസങ്ങളും ചുവടെ:
∙ മേയ് 3 – രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത നീറ്റ് പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തി.
∙ മേയ് 12 – ചോദ്യപേപ്പർ മുൻകൂട്ടി ചോർന്നതായുള്ള ഗുരുതര ആരോപണങ്ങളും തെളിവുകളും പുറത്തുവന്നതിനെ തുടർന്ന് എൻടിഎ പരീക്ഷ റദ്ദാക്കി.
∙ മേയ് 15 – ‘ഗസ് പേപ്പർ’ എന്ന പേരിൽ പ്രചരിച്ചതുതന്നെയാണ് യഥാർഥ ചോദ്യപേപ്പറെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥിരീകരിച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടു.
∙ വിവിധ സംസ്ഥാനങ്ങളിൽ നീറ്റ് പരീക്ഷാർഥികളായ വിദ്യാർഥികളുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
∙ ജൂൺ 6 – ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു.
∙ ജൂൺ 21 – കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ രാജ്യത്തുടനീളം നീറ്റ് പുനഃപരീക്ഷ നടന്നു.
∙ ജൂൺ 28 – പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
∙ ജൂലൈ 16 – നീറ്റ് പുനഃപരീക്ഷയുടെ ഫലം എൻടിഎ പ്രഖ്യാപിച്ചു.
∙ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികളും യുവാക്കളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ശക്തമായി.
∙ ജൂലൈ 20 – സിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച്. പൊലീസ് തടഞ്ഞതോടെ ജന്തർ മന്തറിൽ സംഘർഷമുണ്ടായി. കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. നിരവധി പേർക്ക് പരുക്കേറ്റു.
∙ ജൂലൈ 21 – പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം. നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
∙ ജൂലൈ 23 – കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധിജിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
∙ ജൂലൈ 23 – ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വിനീത് ജോഷിക്ക് പകരം കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ നരേഷ് പാൽ ഗാംഗ്‌വാറിനെ നിയമിച്ചു.
∙ ജൂലൈ 23 – കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയുമായും ജിതേന്ദ്ര സിങ്ങുമായും നടത്തിയ ചർച്ചയ്ക്ക് പിന്നാലെ സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു.
∙ ജൂലൈ 24 – ചോദ്യപേപ്പർ ചോർത്തുന്നവർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
∙ ജൂലൈ 25 – കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് സമർപ്പിച്ചു.
What's Your Reaction?



