ഇനി പെട്രോള്‍ പമ്പുകളിലും മദ്യ വില്‍പ്പന ;പുതിയ മദ്യനയത്തിന് അംഗീകാരം
ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം. പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്.
മദ്യവിൽപ്പന വിപുലീകരിക്കുന്നതാണ് പുതിയ മദ്യനയത്തിലെ പ്രധാനമാറ്റം. ഇതിന്റെ ഭാഗമായി പെട്രോൾ പമ്പുകളിലും ഷോപ്പിങ് മാളുകളിലും പ്രാദേശിക വിപണികളിലും ഇനിമുതൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുണ്ടാകും. വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾക്കും വിദേശമദ്യവും ബിയറും വൈനും വിൽക്കാൻ അനുമതിയുണ്ട്. ഇതിനായി ലൈസൻസ് നേടണം. മദ്യവിൽപ്പനയിലെ സുതാര്യത വർധിപ്പിക്കാനായി എല്ലാ വിൽപ്പനശാലകളിലും ഡിജിറ്റൽ പേയ്‌മെന്റും നിർബന്ധമാക്കിയിട്ടുണ്ട്.
ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും 'ആൽക്കോമീറ്ററുകൾ' സ്ഥാപിക്കാനും പുതിയ മദ്യനയത്തിൽ നിർദേശമുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് മനസിലാക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ചണ്ഡീഗഢിൽ 97 റീട്ടെയിൽ മദ്യശാലകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം 454.35 കോടി രൂപയാണ് ഇവയുടെ അടിസ്ഥാനവില. ലേലത്തുകയുടെ 17 ശതമാനം സെക്യൂരിറ്റി തുകയും വർധിപ്പിച്ചു. ഓരോ മാസവും 15-ാം തീയതി ലൈസൻസ് ഫീ അടയ്ക്കുന്ന സംവിധാനവും പുതിയ മദ്യനയത്തിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ മദ്യനയത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയും ചണ്ഡീഗണ്ഡിൽ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുശതമാനമാണ് വിലവർധിപ്പിച്ചത്. അതേസമയം, വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന മദ്യത്തിന് വില കൂട്ടിയിട്ടില്ല.
What's Your Reaction?