'അനിയത്തിപ്രാവി'ന് 29 വയസ്; കുഞ്ചാക്കോ ബോബന്‍റെ ഹൃദയസ്പർശിയായ കുറിപ്പ്

1997-ൽ റിലീസ് ചെയ്ത അനിയത്തിപ്രാവ് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ്

Mar 27, 2026 - 14:49
Mar 27, 2026 - 14:49
 0
'അനിയത്തിപ്രാവി'ന് 29 വയസ്; കുഞ്ചാക്കോ ബോബന്‍റെ ഹൃദയസ്പർശിയായ കുറിപ്പ്

മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെ കരിയറിലും മലയാള സിനിമാ ചരിത്രത്തിലും വിപ്ലവം സൃഷ്ടിച്ച 'അനിയത്തിപ്രാവ്' റിലീസായിട്ട് 29 വർഷങ്ങൾ പൂർത്തിയാകുന്നു. ഈ സ്വർണ്ണമയമായ ഓർമ്മ പുതുക്കി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

1997-ൽ റിലീസ് ചെയ്ത അനിയത്തിപ്രാവ് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ്. തന്നെ സിനിമാ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംവിധായകൻ ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചൻ തന്റെ നന്ദിയും സ്നേഹവും അറിയിച്ചത്.

"കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സമയം കടന്നുപോകുന്നു. എന്നെ ഞാനാക്കിയ ഈ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും വ്യാപ്തി ഇപ്പോഴും പുതുമയോടെ നിലനിൽക്കുന്നു," എന്ന് താരം കുറിച്ചു. തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ദിനത്തിൽ ഫാസിലിന്റെ അനുഗ്രഹം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും കൂടെ നിന്ന സാങ്കേതിക പ്രവർത്തകർ, കലാകാരന്മാർ, മാധ്യമങ്ങൾ, പ്രേക്ഷകർ, സുഹൃത്തുക്കൾ, കുടുംബം എന്നിവർക്കെല്ലാം താരം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചിത്രത്തിലെ നായിക ശാലിനി, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സുധീഷ്, അർജുൻ അശോകൻ, നസ്രിയ ഫഹദ് തുടങ്ങിയവരെയെല്ലാം താരം കുറിപ്പിൽ ടാഗ് ചെയ്തിട്ടുണ്ട്.

സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍റെ നിര്‍മാണത്തില്‍ 1997 ല്‍ കുഞ്ചാക്കോ ബോബന്‍, ശാലിനി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഫാസിലാണ് സംവിധാനം ചെയ്തത്. മലയാള സിനിമയിലെ റൊമാന്റിക് ഹീറോ എന്ന ലേബൽ കുഞ്ചാക്കോ ബോബന് നേടിക്കൊടുത്ത അനിയത്തിപ്രാവിലെ സുധിയുടേയും മിനിയുടേയും പ്രണയം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow