രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ; 'എനർജി ലോക്ഡൗൺ' വാർത്തകൾ കെട്ടുകഥ
പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചാണ് സമൂഹമാധ്യമങ്ങളിൽ ലോക്ഡൗൺ വാർത്തകൾ പ്രചരിച്ചത്
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് കേന്ദ്രസർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 'എനർജി ലോക്ഡൗൺ' ഉണ്ടാകുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചാണ് സമൂഹമാധ്യമങ്ങളിൽ ലോക്ഡൗൺ വാർത്തകൾ പ്രചരിച്ചത്. യുദ്ധം നീണ്ടുനിന്നാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇത് പുതിയ ലോക്ഡൗണിലേക്കുള്ള സൂചനയാണെന്ന തരത്തിലായിരുന്നു പ്രചാരണം.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നിരന്തരം ഇടപെടുന്നുണ്ട്. നിലവിൽ ഇന്ധനക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിപണിയിൽ ലഭ്യമാണ്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ അമിതമായി വാങ്ങി ശേഖരിക്കേണ്ടതില്ല.
ഒരു തരത്തിലുള്ള ലോക്ഡൗണും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ രാജ്യം നേരിട്ടേക്കാവുന്ന സാമ്പത്തിക-ഊർജ്ജ പ്രതിസന്ധികളെക്കുറിച്ച് പ്രധാനമന്ത്രി നൽകിയ മുന്നറിയിപ്പാണ് തെറ്റിദ്ധരിക്കപ്പെട്ടത്. പ്രതിസന്ധികളെ അതിജീവിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന നിർദ്ദേശം മുൻപ് കോവിഡ് കാലത്ത് നൽകിയതിന് സമാനമായതിനാലാണ് ഇത്തരമൊരു സംശയം ഉയർന്നത്.
What's Your Reaction?