അമേരിക്കയെ നരകം കാണിക്കും ;കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍
അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ സൈനികതന്ത്രം ലോകത്ത് എണ്ണ പ്രതിസന്ധി ഉയര്‍ത്തുകയും സാമ്പത്തിക രംഗത്ത് ഭീഷണി ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് ട്രംപ് ഭരണകൂടം. രണ്ട് സാധ്യതകളാണ് അവര്‍ ആലോചിക്കുന്നത്. ഒന്ന്, സമാധാന ചര്‍ച്ചകള്‍ നടത്തി ഇറാനുമായി ഒത്തുതീര്‍പ്പിലെത്തുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക. രണ്ട്, കരയുദ്ധത്തിലൂടെ ഹോര്‍മുസ് പിടിച്ചടക്കുകയും ഇറാന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുക.
ചര്‍ച്ചകള്‍ക്കായി പാക്കിസ്താനെ മധ്യസ്ഥരാക്കി അമേരിക്ക ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 15 നിര്‍ദേശങ്ങള്‍ തയ്യാറാക്കി അമേരിക്ക ഇറാന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഇറാന്‍ അവരുടേതായ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈജിപ്ത്, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ വഴിയും ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ ഇറാന്‍ നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്കുള്ള വഴി ഒരുക്കുകയാണെന്ന സൂചന നല്‍കിയാണ് ട്രംപ് പത്ത് ദിവസം ഇന്ധന മേഖലയില്‍ ആക്രമണം നിര്‍ത്തിയത്. എന്നാല്‍, കരയുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് സമയം എടുക്കാനാണ് അമേരിക്ക താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിയത് എന്നാണ് ഇറാന്റെ പക്ഷം.
What's Your Reaction?