യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇർഷാദ് ചക്കാലശ്ശേരി അറസ്റ്റിൽ
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് നടത്തിയ വിവാദ പ്രസംഗമാണ് അറസ്റ്റിലേക്ക് നയിച്ചത്
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുസ്‌ലിം ലീഗ് മുൻ നേതാവ് ഇർഷാദ് ചക്കാലശ്ശേരിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പോലീസ് രേഖപ്പെടുത്തിയ അറസ്റ്റിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് നടത്തിയ വിവാദ പ്രസംഗമാണ് അറസ്റ്റിലേക്ക് നയിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
"വാക്ചാതുരിയും ശരീരത്തിന്റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു" എന്ന ഇർഷാദിന്റെ പരാമർശമാണ് വിവാദമായത്. യു. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തി. കേസ് എടുക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ താൻ വ്യാപകമായ സൈബർ ആക്രമണവും വ്യക്തിഹത്യയും നേരിടുകയാണെന്ന് പ്രതിഭ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സ്ത്രീക്കെതിരെയും ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകാനാണ് നിയമനടപടിയുമായി മുന്നോട്ട് പോയതെന്ന് യു. പ്രതിഭ വ്യക്തമാക്കി. നിയമം അതിന്റെ വഴിക്കാണ് നീങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
What's Your Reaction?