ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര ഇടപെടൽ; പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ 10 രൂപ വീതം കുറച്ചു

പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്

Mar 27, 2026 - 10:08
Mar 27, 2026 - 10:08
 0
ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര ഇടപെടൽ; പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ 10 രൂപ വീതം കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ.

ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ആഗോള ഊർജ്ജ വിപണിയെ വൻതോതിൽ ബാധിച്ചതോടെയാണ് ഇന്ധനവില റെക്കോർഡ് വർധനവിലേക്ക് നീങ്ങിയത്. ഇത് നേരിടാനാണ് സർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിച്ചത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ നികുതി ലിറ്ററിന് 3 രൂപയായി കുറഞ്ഞു. ഡീസലിന് നിലവിൽ നികുതിയില്ല. സർക്കാർ നികുതി കുറച്ചെങ്കിലും, രാജ്യാന്തര വിപണിയിലെ ഉയർന്ന വില കാരണം ചില്ലറ വിൽപനവിലയിൽ പെട്ടെന്ന് കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 107.5 ഡോളറിലെത്തി. പത്തുവർഷത്തിന് ശേഷം ആദ്യമായി റഷ്യൻ ക്രൂഡ് വിലയും 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന വിതരണത്തെ ബാധിച്ചത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിക്ക് കാരണമായി. വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ പല ഇന്ധനക്കമ്പനികളും വില വർധിപ്പിക്കാൻ നിർബന്ധിതരായിക്കൊണ്ടിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow