പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയതിന് പിന്നാലെ അടുപ്പം, ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന, യുവതി അറസ്റ്റില്‍

Apr 30, 2025 - 15:22
May 1, 2025 - 11:02
 0  21
പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയതിന് പിന്നാലെ അടുപ്പം, ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലാന്‍ ഗൂഢാലോചന, യുവതി അറസ്റ്റില്‍

പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യ അറസ്റ്റില്‍. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയായ മിനിയെ റിമാൻഡ് ചെയ്തു. തോക്ക് നൽകിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

കൈതപ്രത്ത് പണിനടക്കുന്ന വീട്ടിൽവച്ച് മാർച്ച് 20ന് രാത്രി ഏഴ് മണിയോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരുടെയും സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായെത്തി.

ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow