ലെബനനിലെ ഇസ്രയേൽ ആക്രമണം; അമേരിക്കയുമായുള്ള ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

Jun 1, 2026 - 20:44
Jun 1, 2026 - 20:45
 0
ലെബനനിലെ ഇസ്രയേൽ ആക്രമണം; അമേരിക്കയുമായുള്ള ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ശക്തമാകുന്നതിനിടെ അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി ഇറാനിയൻ മാധ്യമമായ തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.

വെടിനിർത്തൽ വ്യവസ്ഥകളിൽ ഉൾപ്പെട്ടിരുന്ന ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയും കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മധ്യസ്ഥർ വഴിയുള്ള ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും നിർത്തിവയ്ക്കുകയാണെന്ന് തസ്‌നിം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച് ഇറാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഇതിനിടെ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. വെടിനിർത്തൽ ലംഘനങ്ങളുടെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.

ഗാസയിലും ലെബനനിലും ഇസ്രയേലിന്റെ സൈനിക നടപടി അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ തൃപ്തികരമായ പുരോഗതി ഉണ്ടാകുന്നതുവരെ ചർച്ചകൾ പുനരാരംഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചു.

ഇറാൻ-അമേരിക്ക സമാധാന കരാർ പ്രതീക്ഷിക്കപ്പെട്ടിരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ. തിങ്കളാഴ്ച ഇറാന്റെ റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കുവൈത്തിന് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായും അവ പ്രതിരോധിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം, പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിച്ചിരുന്ന ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഉം ഖസ്ർ തുറമുഖത്തിന്റെ തെക്കുകിഴക്കായി ഏകദേശം 40 മൈൽ അകലെയാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow